തിരുവനന്തപുരം: കോവിഡ്19 കാലത്ത് 25,000 പേർക്ക് താങ്ങായി ആരോഗ്യകേരളത്തിന്റെ ടെലി ഹെൽത്ത് ഹെൽപ് ലൈൻ സംവിധാനമായ ദിശ 1056 മുന്നോട്ട്. നിലവിൽ ദൈനംദിന കാളുകളുടെ എണ്ണം വർധിച്ചതോടെ ദിശയിലെ കൗൺസിലർമാരുടെ എണ്ണം ആറിൽ നിന്ന് മുപ്പതാക്കി ഉയർത്തി. ദിവസവും ശരാശരി ആയിരം കാളുകൾ എത്തിയിരുന്ന ദിശയിൽ ഇപ്പോൾ 3500 മുതൽ 4000 കാളുകളാണ് ഒരു ദിവസം ലഭിക്കുന്നത്. നിലവിലെ ടെലി കൗൺസിലർമാരുടെ എണ്ണം മുപ്പതിലേക്ക് ഉയർത്തിയതോടെ ഒരു സമയം 1056ൽ വിളിക്കുന്ന 30പേർക്ക് സേവനം നൽകാൻ സാധിക്കും. പ്രതിദിനം അയ്യായിരം കാളുകൾക്ക് വരെ സേവനം ലഭ്യമാക്കാൻ കഴിയുന്ന തരത്തിലാണ് നിലവിൽ ദിശ സജ്ജീകരിച്ചിരിക്കുന്നത്. പതിനാല് ദിശ കൗൺസിലർമാരെയും എം.എസ്.ഡബ്യു, എം.എ സോഷിയോളജി വിദ്യാർഥികളായ 50 വോളന്റിയർമാരെയുമാണ് ഇതിനായി ദിശയിൽ നിയോഗിച്ചിരിക്കുന്നത്. നിലവിൽ കോവിഡ്19,മായി ബന്ധപ്പെട്ട് 25,000 കാളുകൾക്ക് ദിശയിൽ നിന്ന് സേവനം നൽകി കഴിഞ്ഞു. എങ്ങനെയാണ് ക്വാറന്റൈൻ ചെയ്യേണ്ടത്, ക്വാറന്റൈൻ കഴിഞ്ഞവർ എന്തു ചെയ്യണം, ക്വാറന്റൈൻ കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ലഭിക്കുമോ, വിദേശത്ത് നിന്ന് എത്തിയ അയൽവാസി ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നതടക്കമുള്ള അന്വേഷണങ്ങൾ ദിശയിലേക്ക് എത്തുന്നുണ്ട്. പനിയും ജലദോഷവും വന്ന് തങ്ങൾക്ക് കൊറോണ രോഗമാണോ എന്ന സംശയത്തിൽ പരിഭ്രാന്തരായി വിളിക്കുന്നവരുടെ കാളുകളും ദിശയിലേക്ക് എത്തുന്നുണ്ട്. ദിശയിലേക്ക് വിളിക്കുന്നവർക്ക് സേവനം നൽകാൻ ഓരോ ഷിഫ്റ്റുകളിലും രണ്ടു ഡോക്ടർമാരുടെ സേവനവും ദിശയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ കൂടുതൽ മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് ഇത് നൽകാൻ വേണ്ടി മാനസികാരോഗ്യ ടീമിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ വിളിക്കുന്നവർക്ക് ആവശ്യമെങ്കിൽ അതാത് ജില്ലകളിലെ കോവിഡ്19 കണ്ട്രോൾ റൂമിലേക്ക് ബന്ധപ്പെടാനായി വേണ്ട സംവിധാനങ്ങളും ദിശയിലുണ്ട്.