സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എല്ലാ അര്‍ഥത്തിലും കൃത്യമായി നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇങ്ങനെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് നടപടിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ റാങ്കിലെയും പോലീസ് ഉദ്യോഗസ്ഥര്‍ നിരത്തിലിറങ്ങണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വിഭാഗത്തില്‍പ്പെട്ടവര്‍ പോലീസ് നല്‍കുന്ന പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്. ജില്ലാ പോലീസ് മേധാവിമാരാണ് പാസ് നല്‍കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുള്‍പ്പെടെയുളള ആശുപത്രി ജീവനക്കാര്‍, ഡാറ്റാ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും ജീവനക്കാരും, മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട ജീവനക്കാര്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും, കോവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പാല്, പത്ര വിതരണ ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, ഭക്ഷ്യ-പലചരക്ക് കടകള്‍, പെട്രോള്‍ പമ്പ്, പാചകവാതക വിതരണം മുതലായ മേഖലകളിലെ തൊഴിലാളികള്‍, സ്വകാര്യ മേഖലയുള്‍പ്പെടെയുളള സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് പാസ് നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും.
സ്വകാര്യ വാഹനങ്ങള്‍ മരുന്നും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാനുളള യാത്രയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ. ഇത്തരം യാത്രകളില്‍ ഏറ്റവും കുറച്ച് യാത്രക്കാരെമാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.