.
സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് മുഖേന കലാകാരൻമാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോള്‍ തന്നെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ പി ശ്രീകുമാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്ദേഹം ആവശ്യമായ ജീവനക്കാരെ വിളിച്ചുവരുത്തി അടിയന്തിരമായി ഇക്കാര്യം നിര്‍വ്വഹിച്ചു. ഏപ്രില്‍മാസത്തെ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇതിനകം തന്നെ എത്തിച്ചുകഴിഞ്ഞു.
3000 രൂപയാണ് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. 3012 അംഗങ്ങള്‍ക്കായി 90,36,000 രൂപ വിതരണം ചെയ്തു. 130 അംഗങ്ങള്‍ക്കായി 1100 രൂപ വീതം 1,43,000 രൂപ ഫാമിലി പെന്‍ഷനായും നല്‍കി. മൂന്ന് ലക്ഷം രൂപ വിവാഹം, മരണം, ചികിത്സാ ധനസഹായങ്ങളായും വിതരണം ചെയ്തു. എല്ലാ ധനസഹായങ്ങളും ഉള്‍പ്പെടെ ക്ഷേമനിധി ബോര്‍ഡ് ഒരു കോടിയോളം രൂപയുടെ ധനസഹായങ്ങളാണ് കലാകാരന്മാര്‍ക്കായി നല്‍കി വരുന്നത്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനം മുഴുവന്‍ നിശ്ചലമായ അവസ്ഥയാണ്. എല്ലാ കുടുംബങ്ങളിലും ആവശ്യമായ പണവും ഭക്ഷ്യവസ്തുക്കളും എത്തിക്കാന്‍ സര്‍ക്കാര്‍ കഠിനപരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ നല്ല സഹകരണം ഇക്കാര്യത്തിലുണ്ട്. കഴിഞ്ഞദിവസം സഹകരണ ജീവനക്കാര്‍ മുഖേന സാമൂഹ്യ പെന്‍ഷന്‍ വീടുകളിലെത്തിച്ചു നല്‍കി. ആളുകളുടെ കൈകളില്‍ പണം എത്തിച്ചാല്‍ മാത്രമേ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തിന് പിടിച്ചുനില്‍ക്കാനാവുകയുള്ളു. ഇക്കാര്യം മുന്നില്‍കണ്ടുകൊണ്ടാണ് എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപൈട്ടുകൊണ്ടിരികയാണ്.