തിരുവനന്തപുരംഃ ഇന്‍സന്റീവ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് സ്വിഗ്ഗി ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കമ്ബനിയിലെ വിതരണക്കാര്‍ പണിമുടക്കാരംഭിച്ചു. ഇന്നലെ മുതലാണ് തിരുവനന്തപുരം നഗരത്തില്‍ സ്വിഗ്ഗിയിലെ ഡെലിവറി വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കാനുള്ള ആപ്പ് വിതരണക്കാര്‍ ഓഫ് ചെയ്തതോടെ ആവശ്യക്കാര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനോ ഓണ്‍ലൈനായി വാങ്ങാനോ സാധിക്കാത്ത അവസ്ഥയാണ്. ലോക്ക് ഡൗണ്‍ കാലത്തും അതിന് മുമ്ബും ഡെലിവറി ബോയ്സിന് ആഴ്ചതോറും ഇന്‍സന്റീവായി നിശ്ചിത തുക കമ്ബനിയില്‍ നിന്ന് നല്‍കിയിരുന്നു.
ഭക്ഷണവിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധന ചെലവിനും മെയിന്റനന്‍സിനും ഇന്‍സന്റീവ് ഉപകാരപ്രദമായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ നഷ്ടത്തിന്റെ പേരില്‍ കമ്ബനി ഇന്‍സന്റീവ് വെട്ടിക്കുറച്ചു. ദിവസം 12 മണിക്കൂറിലേറെ വാഹനം ഓടിക്കേണ്ടിവരുന്ന ഇവര്‍ക്ക് 300 മുതല്‍ 400 രൂപവരെയാണ് ശമ്ബളമായി ലഭിക്കുന്നത്. ഇതില്‍ നിന്ന് പെട്രോളിന്റയും വാഹനത്തിന്റെ അറ്റകുറ്റ പണികള്‍ക്കുളള ചെലവ് കൂടി വഹിക്കേണ്ടിവരുമ്ബോള്‍ തങ്ങള്‍ക്ക് മിച്ചമൊന്നും ഉണ്ടാകില്ലെന്നും, ഇന്‍സന്റീവ് പുനസ്ഥാപിക്കണമെന്നും ജീവനക്കാര്‍ കമ്ബനിയോട് ആവശ്യപ്പെട്ടെങ്കിലും കമ്ബനി അതിന് തയ്യാറായില്ല. തുടര്‍ന്നാണ് ഇന്നലെ മുതല്‍ ജീവനക്കാര്‍ ഭക്ഷണവിതരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. തിരുവനന്തപുരം നഗരത്തില്‍ നൂറിലേറെ ജീവനക്കാരാണ് ഭക്ഷണ വിതരണ കമ്ബനിയുടെ ഭാഗമായുളളത്.