വെഞ്ഞാറമൂട്: പ്രണവിന്റെയും സച്ചിന്റെയും ഓർമ്മ ദിനത്തിൽ ഡിവൈഎഫ് ഐ നിർമ്മിച്ച സ്നേഹകൂടിന്റെ താക്കോൽ അമ്മമാർക്ക് കൈമാറി.മക്കളുടെ ഓർമ്മ ദിനത്തിൽ കൂട്ടുകാർ ഒരുക്കിയ സ്നേഹക്കൂടിന്റെ താക്കോൽ പ്രണവിന്റെ മാതാവ് സുനിതയും സച്ചിന്റെ മാതാവ് പ്രീതയും നിറകണ്ണുകളോടെ ഏറ്റുവാങ്ങി.ഡിവൈഎഫ്ഐ പുളിക്കര യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമായിരുന്ന പ്രണവും (23), പുളിക്കര യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന സച്ചിനും (19) 2018 ജൂൺ 24ന് നന്ദിയോട് വച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. മഴ പെയ്താൽ ചോർന്നോലിക്കുന്ന കൂരയിൽ താമസിച്ചിരുന്ന ഇരുവരും വീടെന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് യാത്രയായത് .ഈ സ്വപ്നങ്ങൾ
സാക്ഷാത്കരിക്കാൻ ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങുകയായിരുന്നു. വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട്, ഭരതന്നൂർ മേഖലാ കമ്മിറ്റികൾ ഈ ദൗത്യം ഏറ്റെടുത്തു.2018 ആഗസ്റ്റിൽ ഇരു വീടുകളുടെയും തറക്കല്ലിടുകയും ചെയ്തു.ബുധനാഴ്ച വൈകിട്ട് വീഡിയോ കൺഫറൻസിലൂടെ മന്ത്രി ഇ പി ജയരാജൻ വീടുകൾ അമ്മമാർക്ക് കൈമാറിയതായി പ്രഖ്യാപിച്ചു. പ്രണവിന്റെ അമ്മ സുനിതയ്ക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻ നായരും സച്ചിന്റെ അമ്മ പ്രീതയ്ക്ക് ഡി കെ മുരളി എം എൽഎയും ,ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും ചേർന്ന് താക്കോൽ കൈമാറി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ബിജു, ഏര്യാ ആക്ടിംങ് സെക്രട്ടറി ഇ എ സലിം, അജിത്ത് ലാൽ, എൻ ബാബു, കെ പി സന്തോഷ്കുമാർ, വൈവി ശോഭകുമാർ, സജീവ് കോലിയക്കോട്, ശ്രീമണി
എസ് സതീശൻ,ആർ രാജേന്ദ്രൻ പിള്ള, തുടങ്ങിയവർ പങ്കെടുത്തു.