സുശാന്ത് സിംഗ് രജ്പത്ത് അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാരാ റിലീസിങ്ങിനൊരുങ്ങുന്നു. ജൂലായ് 24ന് ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദില്‍ ബേച്ചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. മുകേഷ് ഛബ്രയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
പുതുമുഖമായ സഞ്ജനയാണ് ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ നായികയായി എത്തുന്നത്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
2014ല്‍ ഇതേപേരില്‍ ഹോളിവുഡിലും സിനിമ ഇറങ്ങിയിരുന്നു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച സിനിമ മേയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം സുശാന്തിനോടുളള സ്‌നേഹത്തിന്റെയും ആദരവിന്റെയും സുചനയായി സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായി ഈ ചിത്രം കാണാനുളള അവസരമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമായിരുന്നു സുശാന്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയായിരുന്നു സിനിമ ഒരുക്കിയിരുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ സുശാന്തിന്റെ നായികാ വേഷത്തില്‍ എത്തിയത്. ബോളിവുഡില്‍ എംഎസ് ധോണി ബയോപിക്കിലൂടെ എല്ലാവരുടെയും പ്രിയങ്കരനായി മാറിയ താരമാണ് സുശാന്ത് സിംഗ് രജ്പുത്ത്.
അടുത്തിടെ സുശാന്തിന്റെ പൂര്‍ത്തിയാവാത്തൊരു ചിത്രത്തിന്റെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നടന്റെതായി അണിയറയില്‍ ഒരുങ്ങിയ വന്ദേ ഭാരതം എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് നിര്‍മ്മാതാവ് സന്ദീപ് സിംഗ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്.