തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷക്കായി വിദ്യാര്‍ത്ഥിക്കൊപ്പം വന്ന ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നില്‍ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവന്‍ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ആശുപത്രിയിലെത്തണമെന്നും നിര്‍ദ്ദേശിച്ചു.
രോഗം ബാധിച്ച വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ഹാളിലുണ്ടായിരുന്ന 20 വിദ്യാര്‍ത്ഥികളെയും ഇന്‍വിജിലേറ്റര്‍മാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ പട്ടിക പ്രവേശന പരീക്ഷ കമ്മീഷണര്‍ ആരോഗ്യ വകുപ്പിന് കൈമാറി. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും, കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കരകുളം സ്വദേശിയെ ഒറ്റക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നായിരുന്നു ഇത്.
ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇടയില്‍ തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പട്ടത്തെ പരീക്ഷ സെന്ററില്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കാതെ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കൂട്ടം കൂടിയത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയാണ് തിരുവനന്തപുരത്ത് ഉയരുന്നത്.