നെടുമങ്ങാട്: യുവതിയെ വീട്ടിലെ മുറിയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെെത്തി. പൂവത്തൂർ ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തിൽ രഞ്ചിതയെയാണ് (25) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വെളിവായി. യുവതിയെ കഴുത്ത് ഞെരിച്ചാണ് കൊന്നിരിക്കുന്നതെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു. രഞ്ചിതയുമായി പിണക്കത്തിലായിരുന്ന ഭർത്താവ് അജിക്കുട്ടനെ (27) ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ താൻ ഉറക്കമുണർന്ന് നോക്കുമ്പോൾ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മകൻ ആദിത്യൻ (അഭി) രഞ്ചിതയുടെ കൂട്ടുകാരി വിജിതയുടെ വീട്ടിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ മറ്റൊരു മുറിക്കുള്ളിൽ രഞ്ചിത മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. കഴുത്തിൽ ചെറിയൊരു മുറിവിന്റെ അടയാളവും ഉണ്ടായിരുന്നു. നെടുമങ്ങാട് പോലീസെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ
പോസ്റ്റ്മോർട്ടത്തിലാണ് രഞ്ചിത കഴുത്തു ഞെരിച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലരയോടെ വട്ടപ്പാറ താമസിക്കുന്ന പിതാവ് രാജന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. വിശദമായ അന്വേഷണത്തിനു ശേഷമെ കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമാകുവെന്ന് സി.ഐ. അറിയിച്ചു. മകൻ ആദിത്യൻ രാമപൂരം ഗവ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. താരയാണ് രഞ്ചിതയുടെ മാതാവ്
News