കല്ലമ്പലം : പനി ബാധിച്ച പൊലീസുകാരൻ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മുഖത്തല ഡീസന്റ് മുക്ക് വയലിൽ പുത്തൻ വീട്ടിൽ ഗോപിയുടെ മകൻ വിനോദിനെ (38) ആണ് പള്ളിക്കൽ പകൽക്കുറി ആറയിൽ കാർത്തിക വിലാസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാവിലെ അയൽവാസികൾ കണ്ടെത്തിയത്. കുമളി പൊലീസിൽ ടൂറിസത്തിൽ ജോലി നോക്കുന്ന വിനോദ് കുടുംബവുമായി കാർത്തിക വിലാസത്തിലാണ് താമസം. കുടുംബ വീട്ടിൽ പോയ ഭാര്യയോടും മക്കളോടും കഴിഞ്ഞ ദിവസം തനിക്ക് പനിയാണെന്നും വാടക വീട്ടിൽ വരണ്ടെന്നും വിനോദ് പറഞ്ഞിരുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്കും പത്തരയ്ക്കും ഇടയ്ക്കാണ് സംഭവം നടന്നതെന്ന് കരുതുന്നതായി പള്ളിക്കൽ പോലീസ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സൂര്യപുത്രി. മക്കൾ : കാർത്തിക്, കൈലാസ്.