തിരുവനന്തപുരം: രക്ഷിതാക്കളുടെ അടുത്തുനിന്ന് മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. തിരുനെല്‍വേലി സ്വദേശി മാരി(43)യെയാണ് തമ്ബാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ പോലീസ് പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. നാഗ്പുരില്‍നിന്ന് കുട്ടിയുമായി വന്ന രക്ഷിതാക്കള്‍ കൊറോണ ഡെസ്‌കില്‍ ആരോഗ്യ പരിശോധനയ്ക്ക് കാത്തുനില്‍ക്കുമ്ബോള്‍ മാരി കുട്ടിയെയുമെടുത്ത് ഓടുകയായിരുന്നു. കുട്ടിയുടെ സഹോദരി ഇയാള്‍ക്ക് പുറകേ ഓടി. ഇതുകണ്ട റെയില്‍വേ പോലീസുകാരും ഇയാള്‍ക്കു പുറകേ ഓടിയെങ്കിലും ഇയാള്‍ കുട്ടിയെ ട്രെയിനിനു മുന്നിലേക്ക് എറിയാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസുകാര്‍ കുഞ്ഞിനെ രക്ഷിച്ചു. പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ എ.എസ്.ഐ. ജയകുമാറിന് പരിക്കേല്‍ക്കുകയും ചെയ്തു.
ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്ന മാരിക്ക് ലഹരിമരുന്ന് ഉപയോഗം കാരണം ജോലി നഷ്ടപ്പെട്ടിരുന്നു. ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനു വേണ്ടി ഭിക്ഷാടന മാഫിയയ്ക്കു വില്‍ക്കാനാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ സുരേഷ്‌കുമാര്‍, സി.പി. ഒ.മാരായ അനില്‍, ഷജീര്‍, സന്തോഷ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.