തോന്നയ്ക്കൽ: ചെമ്പകമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗ്യാരേജിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ചിറയിൻകീഴ് ശാർക്കര ബിജുവിന്റെ ഉടമസ്ഥതയിലുള്ള ലോറിയും കടയ്ക്കൽ കോട്ടപ്പുറം സ്വദേശിയുടെ പിക്ക്അപ് വാനും ഒരു ബൈക്കുമാണ് കത്തി നശിച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സവാള കൊണ്ട് വന്ന് ചെറിയ പിക്കപ്പ് വാഹനങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടിരുന്നത്. ചെമ്പകമംഗലം സ്വദേശി ജോഷിയുടെ ഉടമസ്ഥതയിലുള്ള ഗ്യാരേജിലാണ് തിങ്കളാഴ്ച രാത്രി ഒരു മണിക്ക് തീകത്തുന്നത് പരിസരവാസികൾ കണ്ടത്. രണ്ട് വാഹനങ്ങളിലും മുഴുവനായും സവാള നിറച്ചിരുന്നു. ആറ്റിങ്ങൽ അഗ്‌നിശമനരക്ഷാ നിലയത്തിൻ അംഗങ്ങളെത്തി തീഅണച്ചു. എ.എസ്.ടി.ഒ. ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ. ജി. മധുസൂദനൻ നായർ, എസ്.എഫ്.ആർ.ഒ. മാരായ സി.ആർ. ചന്ദ്രമോഹൻ, ഷിജാം, എഫ്.ആർ.ഓ. മാരായ കെ. ബിനു, വിദ്യാരാജ്, രജീഷ്, പ്രമോദ്, അഖിലേശൻ, ശ്രീരാഗ്, എച്ച്.ജി. മാരായ സുരേഷ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് രണ്ട് വാട്ടർ ടെന്ററുകളിലായി സ്ഥലത്തെത്തി തീ അണച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. മംഗലപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടത്തിയാലെ തീപിടിത്തത്തിന് കാരണം അറിയാൻ സാധിക്കുകയുള്ളൂവെന്ന് മംഗലപുരം എസ്.എച്ച്.ഒ. പി.ബി. വിനോദ്കുമാർ പറഞ്ഞു.