കഴക്കൂട്ടം : വീട്ടിലെ മതിലിന്റെ മുകളിൽ ഇരുന്ന ചെടി ചട്ടിയോട് കൂടി പൊക്കി പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാർ. പൗഡികോണം ചെമ്പഴന്തി ആവുകുളത്തെ വീട്ടിൽ നിന്നുമാണ് ചെടി പോലീസ് ജീപ്പിൽ കടത്തിയത്. ചെമ്പഴന്തി ആവുക്കുളം ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.
ഈ മാസം 16 -ന് വെളുപ്പിന് 4.50 നായിരുന്നു മോഷണം. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ജീപ്പിലെത്തിയ സംഘമാണ് ദൃശ്യത്തിലുള്ളത്.ഇവരുടെ ഡ്യൂട്ടിക്ക് പുറത്താണ് ഈ സ്ഥലം.എന്നിട്ടും ഇവർ ഇവിടെ എത്തി.ഒരു പോലീസുകാരനും വനിതാ പോലീസുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
പോലീസുകാരൻ ജീപ്പിൽ നിന്നും ഇറങ്ങി മതിലിൽ ഇരുന്ന ചെടി എടുത്ത് ജീപ്പിൽ വെച്ച് ഓടിച്ചു പോകുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ ചെടി കാണാത്തതിനാൽ വീട്ടുകാർ ക്ഷേത്രത്തിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിപ്പിച്ചപ്പോൾ ആണ് മോഷണം അറിയുന്നത്.പോലീസുകാരനായതിനാൽ വീട്ടുകാർ പരാതി നൽകിയില്ല.തുടർന്ന് ദിവസങ്ങൾക്ക് ശേഷം നാട്ടുകാർ അറിയുകയും തുടർന്ന് പോലീസുകാർ വീട്ടിലും ക്ഷേത്രത്തിലുമെത്തി ദൃശ്യം ആർക്കും കൈമാറരുതെന്നും വീട്ടുകാരെ നിർബന്ധിച്ചു.സംഭവം ശ്രദ്ധയിൽപ്പെട്ടതായും പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ആർ.അനിൽകുമാർ പറഞ്ഞു.