തിരുവനന്തപുരം: ശംഖുംമുഖത്ത് കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡ് കണ്ണാന്തുറ രാജീവ് നഗർ അബി ഹൗസിൽ ജോൺസൺ ഗബ്രിയേലിന്റെ (44) മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി നടത്തുന്ന തെരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വലിയതുറ പാലത്തിന് സമീപത്തുനിന്നാണ് ജോൺസന്റെ മൃതദേഹം കണ്ടെത്തിത്. മൃതദേഹം കണ്ടത് ശ്രദ്ധയിൽപ്പെട്ടവർ തെരച്ചിൽ നടത്തുന്ന ലൈഫ് ഗാർഡുമാരെ വിവരമറിയിക്കുകയും അവർ മൃതദേഹം വിഴിഞ്ഞത്ത് എത്തിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്രുമോർട്ടത്തിന് ശേഷം വൈകിട്ട് 5.30ഓടെ മൃതദേഹം ചെറിയതുറയിലെ കുടുംബവീട്ടിലും കണ്ണാന്തുറയിലെ സ്വന്തം വീട്ടിലും പൊതുദർശനത്തിനുവച്ചു. തുടർന്ന് രാത്രി 7ഓടെ കണ്ണാന്തുറ സെന്റ് പീറ്രേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് ബീച്ചിലെത്തിയ മൂന്നാർ സ്വദേശിനിയായ യുവതി കടലിൽ ചാടിയത്. ജോൺസണും ഒപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് ലൈഫ് ഗാർഡുകളും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. കരയിൽ നിന്ന മറ്റ് ലൈഫ് ഗാർഡുകൾ ജോൺസനെ കരയിലേക്ക് വലിച്ചുകയറ്റുന്നതിനിടെയാണ് ശക്തമായ തിരയടിയിൽപ്പെട്ട് വെള്ളത്തിൽ വീണ ജോൺസൺ കരിങ്കല്ലിൽ തലയടിച്ചതിനെത്തുടർന്ന് ബോധരഹിതനാവുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിക്കുന്നതിനിടെ വീണ്ടും തിരയിൽപ്പെട്ട് ജോൺസൺ കടലിലേക്ക് വീഴുകയുമായിരുന്നു. ശാലിനിയാണ് ഭാര്യ. വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അബി ജോൺ, തോപ്പ് സെന്റ് റോക്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആതിര ജോൺ എന്നിവരാണ് മക്കൾ.