സ്വന്തം ലേഖകൻ
പോത്തൻകോട്: കഴക്കൂട്ടം-അടൂർ മാതൃകാ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പോത്തൻകോട് ജങ്ഷനിലെ നടപ്പാത നിർമ്മാണം നടത്തുന്നത് റോഡ് കൈയ്യേറ്റം ഒഴിപ്പിക്കാതെയെന്ന് ആക്ഷേപം. പല വ്യാപാര സ്ഥാപനങ്ങളും റോഡ് കൈയ്യേറി നിർമ്മിച്ചത് പൊളിക്കാതെയാണ് നടപ്പാത നിർമ്മാണം നടത്തുന്നത്. ഈ രീതിയിൽ നടപ്പാത നിർമ്മിച്ചുകഴിഞ്ഞാൽ പോത്തൻകോട് വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലം നഷ്ടപ്പെടും. തുടർന്നുണ്ടാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കുവാൻ ജങ്ഷനിൽ പ്രവർത്തിക്കുന്ന പോത്തൻകോട് ഗ്രാമപഞ്ചായത്ത് കെട്ടിടം പൊളിച്ചു മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് പഞ്ചായത്തധികൃതർ. 11 മുറികൾ ഉള്ള കെട്ടിടത്തിന് വാടക ഇനത്തിൽ കിട്ടുന്നത് എൺപതിനായിരം രൂപയാണ്. ഹോമിയോ ആശുപത്രി, ഗ്രന്ഥശാല, പോത്തൻകോട് കഥകളി ക്ലബ്ബ് എന്നിവയും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. ഒരു കടയ്ക്ക് ശരാശരി എണ്ണായിരം രൂപയാണ് ഈടാക്കുന്നത്. ജങ്ഷനിൽ പ്രർത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ കടകളിൽ മാസം മുപ്പതിനായിരം രൂപ വാടക ഈടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പോത്തൻകോട് ജങ്ഷനിൽ നടപ്പാത നിർമ്മിക്കാനെത്തിയ കെ.എസ്.ടി.പി. കരാറുകാരനെ പഞ്ചായത്ത് പ്രസിഡന്റെ് കെ. വേണുഗോപാലൻ നായരും വാർഡംഗം വി.എസ്. സജിത്തും തടഞ്ഞിരുന്നു. ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ റോഡ് കൈയ്യേറ്റം ഒഴിപ്പിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് ആക്ഷേപം. കയ്യേറ്റം ഒഴിപ്പിക്കാതെ നിർമ്മാണം നടത്തിയാൽ സ്വാഭാവികമായി വാഹനപാർക്കിങ് തോന്നുംപടിയാവുകയും ഗതാഗതകുരുക്ക് രൂക്ഷമാവുകയും ചെയ്യും. ഇപ്പോൾ തന്നെ ജങ്ഷനിൽ ഗതാഗതാഗത കുരുക്ക് രൂക്ഷമാണ്. നടപ്പാത നിർമ്മാണം പൂർത്തിയായാൽ ഗതാഗത കുരുക്ക് കൂടുതൽ മുറുകും.
പോത്തൻകോട്ട് വികസനം സാധ്യമാകണമെങ്കിൽ ഗ്രാമപഞ്ചായത്ത് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് നെടുമങ്ങാട് എം.എൽ.എ. സി. ദിവാകരൻ പറഞ്ഞു. എന്നാൽ പഞ്ചായത്തധികൃതർക്ക് അതിന് തീരെ താൽപ്പര്യമില്ലാത്ത സ്ഥിതിയാണ്