ആറ്റിങ്ങൽ: തുടർച്ചയായ മഴയിലും കാറ്റിലും താലൂക്കിലുടനീളം വ്യാപകമായ നാശം. അഞ്ചു വീടുകൾ തകർന്നു. റോഡിലും വീടുകൾക്കുമുകളിലുമായി അഞ്ചിടത്ത് മരം വീണു. ആർക്കും അപകടമില്ല. കരവാരം വില്ലേജിൽ ഒരുവീട് പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. ആലംകോട് വില്ലേജിൽ രണ്ട് വീട് പൂർണമായി തകർന്നു. കിഴുവിലം വില്ലേജിൽ ഒരുവീടും തകർന്നു. കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല കായൽവാരം വീട്ടിൽ ലതയുടെ വീടിനു മുകളിലേക്ക് മരം വീണു. അയിലം നെല്ലിമൂട്ടിൽ തേക്ക് പിഴുതുവീണു. ദേശീയപാതയിൽ മംഗലപുരത്ത് തെങ്ങ് പിഴുതു വീഴുകയും ചെമ്പകമംഗലത്ത് പുളിവാക റോഡിലേക്ക് മറിയുകയും ചെയ്തു. ആറ്റിങ്ങലിൽ നിന്നുള്ള അഗ്‌നി രക്ഷാസേനയെത്തി ഇവ മുറിച്ചുമാറ്റി. വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. നെൽവയലുകളെല്ലാം തോട് പോലെ നിറഞ്ഞൊഴുകുകയാണ്. ശക്തമായ കാറ്റിൽ വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കും വ്യാപക നാശമുണ്ടായി.