വെഞ്ഞാറമൂട്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കമ്പികളിലേക്ക് മരച്ചില്ലകൾ ഒടിഞ്ഞ് വീണ് മണിക്കൂറുകളോളം വൈദ്യുതി വിതരണവും ഒരിടത്ത് ഗതാഗതവും തടസപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വേളാവൂർ വൈദ്യൻകാവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരത്തിന്റെ വലിയൊരു ശിഖരം 11 കെ.വി ലൈനിലേക്കും റോഡിലേക്കുമായി വീണതാണ് ആദ്യ സംഭവം. വൈദ്യുതി കമ്പികൾ പൊട്ടുക മാത്രമല്ല പോസ്റ്റുകളും ഒടിഞ്ഞു. ഇത് കാരണം നാല് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. അര മണിക്കൂറോളം വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈകിട്ട് മൂന്നിന് നെല്ലനാട് ഭൂതമടക്കിയിൽ മറ്റൊരു സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിൽ നിന്ന മരം കടപുഴകി വൈദ്യുതി ലൈനിൽ വീണ് കമ്പികൾ പൊട്ടിയതും പോസ്റ്റുകൾ ഒടിഞ്ഞതുമാണ് അടുത്ത സംഭവം. ഇവിടെയും മൂന്ന് മണിക്കൂറോളം വൈദ്യുതി വിതരണത്തിൽ തടസമുണ്ടായി. രണ്ടിടത്തും വെഞ്ഞാറമൂട് അഗ്നി ശമന സേനയെത്തി മരങ്ങൾ മുറിച്ച് മാറ്റിയ ശേഷം കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ജോലികൾ തുടങ്ങി.