രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു; 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
76,542 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല റിസോര്‍ട്ടില്‍ നിന്നും വന്ന ഇറ്റാലിയന്‍ സ്വദേശിയേയും തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിയേയും കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരും വീട്ടിലെ നിരീക്ഷണത്തില്‍ തുടരുന്നതാണ്. ഇറ്റാലിയന്‍ സ്വദേശിയെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വുഹാനില്‍ നിന്നും വന്ന 3 പേരെ ആദ്യഘട്ടത്തിലും കണ്ണൂര്‍ സ്വദേശിയെ കഴിഞ്ഞ ദിവസവും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
ഇതുകൂടാതെ ഇന്ന് 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇറ്റലിയില്‍ നിന്നും വന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള കുടുംബത്തിന്റേയും അവിടെത്തന്നെ ചികിത്സയിലുള്ള മറ്റ് രണ്ട് വിദേശികളുടേയും ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശിയുടേയും പരിശോധനാ ഫലവുമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല.
195 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 76,542 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 4902 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3465 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.