റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യവസ്തുക്കൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഡ് ഇല്ലാത്തവർക്ക് സൗജന്യമായി റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
“റേഷൻ കാർഡ് ഇല്ലാതെ വാടക വീട്ടിലും മറ്റും കഴിയുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. റേഷൻ കാർഡ് ഇല്ലാത്തവർക്കെല്ലാം കാർഡ് നൽകുന്നതിനുള്ള ഒരു ശ്രമം ഈ അടുത്ത കാലത്ത് നടത്തിയിരുന്നു. എങ്കിലും ചിലർക്ക് ഇപ്പോഴും റേഷൻ കാർഡ് ഇല്ലാത്തതുണ്ട്. സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തവർക്കും റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുള്ള നടപടിയാണ് ഭക്ഷ്യവകുപ്പ് സ്വീകരിക്കുന്നത്. അവരുടെ ആധാർ നമ്പർ പരിശോധിച്ച ശേഷം മറ്റ് റേഷൻ കാർഡുകളിൽ എവിടെയും ഉൾപ്പെടാത്തവർക്കാണ് ഭക്ഷ്യധാന്യം നൽകുന്നത്. സൗജന്യമായി തന്നെ ഇവർക്ക് ഭക്ഷ്യധാന്യം നൽകും.”- മുഖ്യമന്ത്രി പറഞ്ഞു.
43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 941 പഞ്ചായത്തുകളിൽ 861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചനുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളിൽ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. 6 കോർപ്പറേഷനുകളിൽ 9 സ്ഥലങ്ങളിലായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാൻ സ്ഥലം കണ്ടെത്തി. ഇവിടങ്ങളിൽ ഉടൻ ഭക്ഷണവിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.