തിരുവനന്തപുരം : സമ്പൂര്‍ണ അടച്ചിടല്‍ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അവശ്യവിഭാഗക്കാരോടും ശ്രീകാര്യം പൊലീസ് മോശമായി പെരുമാറുന്നുവെന്ന് പരാതി.പൗഡിക്കോണത്ത് താമസിക്കുന്ന കിംസ് ആശുപത്രിയിലെ ജനറൽ മെഡിസിനിലെ ഡോ.അർച്ചനയെ ആശുപത്രിയിൽ ആക്കി തിരികെ മടങ്ങിയ ഭർത്താവ് ആദർശ് സഞ്ചരിച്ച കാർ ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധനക്കെത്തിയ പൊലീസിന് കഴിഞ്ഞ ദിവസം കാട്ടിയ അതെ ഡിക്ലറേഷൻ കാണിച്ചപ്പോൾ തിരിച്ചുപോയ പോലീസുകാരൻ കൂടുതൽ പൊലീസുമായി തിരികെ കാറിനടുത്തെത്തി, നീ കാറിൽ നിന്നിറിങ്ങില്ലേ എന്ന് ആക്രോശിച്ച് അസഭ്യം പറയുകയും അറസ്റ്റുചെയ്ത് സ്റ്റേഷൻ ലോക്കപ്പിൽ ആക്കുകയും മർദിക്കുകയും ചെയ്തു എന്നാണ് ആദർശിന്റെ പരാതി.
ബുധനാഴ്ച രാവിലെ മംഗലപുരം പി.എച്ച് .സിയിലെ പബ്ലിക് ഹെൽത്ത് നഴ്സിനെയും കൂട്ടി ആശുപത്രിയിലേക്ക് പോയ സ്‌കൂട്ടർ ശ്രീകാര്യം ജങ്ങ്ഷനിൽ പോലീസ് തടഞ്ഞിരുന്നു.തുടർന്ന് സി.ഐ. യെ കണ്ട് പരാതി പറയാൻ എത്തിയപ്പോൾ ആശുപത്രിക്കടുത്ത് താമസിക്കണമെന്നാണ് സർക്കാർ ഉത്താരാവെന്നും ആശുപത്രിയിലെ വനിതാ ആരോഗ്യ പ്രവർത്തകയോട് പറഞഞുവെന്നും പരാതിയുണ്ട്. ഇന്നലെ വൈകുന്നേരം 5.30 ക്ക് മംഗലാപുരം പി.എച്ച് .സിയിലെ ജോലികഴിഞ്ഞു സ്‌കൂട്ടറിൽ മടങ്ങിയ രണ്ട് നഴ്‌സുമാരെ വെട്ടുറോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന കഴക്കൂട്ടം പൊലീസ് തടഞ്ഞു.ഐ .ഡി.കാർഡ് കാട്ടിയപ്പോൾ ഇതിട്ട് ചന്തയ്ക്ക്പോകുന്നവരുംമുണ്ടെന്ന് പറഞ്ഞു അവരെ അധിക്ഷേപിക്കുകയായിരുന്നു. വിവരമറിഞ്ഞ മെഡിക്കൽ ഓഫീസർ ഡി.എം.ഒയ്ക്കും കളക്ടർക്കും സ്ഥലം എം .എൽ .എ.യ്ക്കും പരാതി നൽകി.അനാവശ്യ യാത്രക്കാരെ ഒഴിവാക്കാൻ പൊലീസ് നടപടി സ്വീകരിക്കുമ്പോഴും ആരോഗ്യവകുപ്പിലെ ജീവനക്കാർക്കും അത്യാവശ്യങ്ങൾക്ക് പോകുന്ന ആളുകൾക്കും പൊലീസ് തടസമുണ്ടാക്കില്ലെന്ന് മുഖ്യ മന്ത്രി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയതിനിടയിലാണ് പൊലീസ് അതിക്രമം അരങ്ങേറുന്നത്