പോത്തൻകോട്:കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നട്ടം തിരിയുന്ന കേരള ജനതയ്ക്കു മേലുള്ള കെ.എസ്.ഇ.ബി യുടെ പകൽകൊള്ളയാണ് ഇത്തവണത്തെ വൈദ്യുതി ചാർജ് എന്ന് ബിജെപി സംസ്ഥാന ട്രഷർ ജെ.ആർ പത്മകുമാർ പറഞ്ഞു. വെമ്പായം കന്യാകുളങ്ങര കെഎസ്ഇബി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജെ.ആർ പദ്മകുമാർ. കെഎസ്ഇബി തികച്ചും ജനവിരുദ്ധമായ രീതിയിലാണ് വൈദ്യുതി ചാർജ് തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കുന്ന കെ.എസ്.ഇ.ബി നടപടി ഒഴുവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് – 19 ൻ്റെ വ്യാപന സമയത്ത് എല്ലാ മേഖലകളിലും വരുമാന നഷ്ടമുണ്ടായപ്പോൾ കെ.എസ്.ഇ.ബിയ്ക്ക് മാത്രമാണ് വരുമാനം കൂടിയതെന്നുള്ള കാര്യം സർക്കാർ ഓർമ്മിക്കണമെന്നും അഡ്വ. പത്മകുമാർ പറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വെമ്പായം സുരേഷ്, ജന: സെക്രട്ടറി സജി എസ്.ഒ, ബിജെപി നേതാക്കളായ കുണൂർ സുരേഷ് ബാബു, ജയകുമാർ, ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.