തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളിൽ കടന്ന് അന്നനാളത്തിനു മുകളിലായി ഒളിഞ്ഞു കിടന്ന നേരിയ ഇരുമ്പുകമ്പി അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ യുവാവിന്റെ ജീവൻ രക്ഷിച്ചു. ആഹാരത്തിനൊപ്പം ഒരു അന്യ വസ്തു അബദ്ധത്തിൽ ഉള്ളിൽ കടന്ന് തൊണ്ടവേദനയുമായാണ് മുപ്പതുകാരനായ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ഇ എൻ ടി വിഭാഗത്തിൽ തൊണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സാധാരണ ഗതിയിൽ മീൻമുള്ള്, ചിക്കൻ, ബീഫ് മുതലായവയുടെ എല്ല് എന്നിവയെല്ലാം തൊണ്ടയിലും അന്നനാളത്തിലും കുടുങ്ങാം. എന്നാൽ ഇവിടെ അതിന്റെ ലക്ഷണമൊന്നും കാണാനായില്ല. കൂടുതൽ പരിശോധനയ്ക്കായി സി ടി സ്കാൻ ചെയ്തു. സ്കാനിംഗ് പരിശോധനയിൽ ശ്വാസക്കുഴലിന് പുറകിൽ അന്നനാളത്തിനോട് ചേർന്ന് ഒരു ചെറിയ മെറ്റാലിക് പീസ് എന്നായിരുന്നു റിപ്പോർട്ട് വന്നത്. എൻഡോസ്കോപ്പ് ഉള്ളിൽ കടത്തി പരിശോധന നടത്തിയെങ്കിലും അതിന്റെ ക്യാമറാക്കണ്ണിലും വില്ലനെ കണ്ടെത്താനായില്ല. ഒടുവിൽ ശസ്ത്രക്രിയ തീരുമാനിച്ചു. ശസ്ത്രക്രിയാ സമയത്ത് ഇത്ര ചെറിയ ഒരു കമ്പിക്കഷണം കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
തത്സമയം എക്സ് റേ വഴി കാണാൻ സാധിക്കുന്ന
സിആം ഇമേജ് ഇന്റൻസിഫയർ ഉപയോഗിച്ച് നടന്ന ശസ്ത്രക്രിയയിൽ മറഞ്ഞു കിടന്ന കമ്പിക്കഷണത്തെ പുറത്തെടുത്തു. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലായിരുന്നു അതിന്റെ സ്ഥാനം. കാർഡിയോ തൊറാസിക് സർജൻ ഡോ. ഷഫീഖ്, ഇ എൻ ടി വിഭാഗത്തിലെ ഡോ വേണുഗോപാൽ, ഡോ ഷൈജി, ഡോ മെറിൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ മധുസൂദനൻ, സ്റ്റാഫ് നേഴ്സ് ദിവ്യ എൻ ദത്തൻ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
നേരത്തെയും ഇതുപോലെയുള്ള അന്യ വസ്തുക്കൾ നെഞ്ച് തുറന്ന് എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുൾ റഷീദ് പറഞ്ഞു. കരുതലോടെ ഭക്ഷണം കഴിച്ചില്ലെങ്കിൽ അബദ്ധത്തിൽ ഉള്ളിൽ കടക്കുന്ന അന്യ വസ്തുക്കൾ
പുറത്തെടുത്താൽ പോലും അന്നനാളത്തിൽ മുറിവ് പറ്റിയാൽ നീരും പഴുപ്പും നെഞ്ചിലേക്കിറങ്ങി മീഡിയാസ്റ്റൈനൈറ്റിസ് എന്ന മാരകമായ അവസ്ഥ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഫിക്സഡ് അല്ലാത്ത വെപ്പു പല്ല് ശ്രദ്ധിച്ചില്ലെങ്കിൽ അന്നനാളത്തിൽ പോകാനും സാധ്യതയുണ്ട്.
ചിത്രം: യുവാവിന്റെ അന്നനാളത്തിനു മുകളിലായി കണ്ടെത്തിയ കമ്പിക്കഷണം