തിരുവനന്തപുരം : കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി അപ്പുണ്ണി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ആലപ്പുഴയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോഴാണ് അപ്പുണ്ണി രക്ഷപ്പെട്ടത്.കിളിമാനൂര്‍ സ്വദേശിയായ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് ആലപ്പുഴ സ്വദേശിയായ അപ്പുണ്ണി.
രണ്ട് കൊലക്കേസ് അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയും ക്വട്ടേഷന്‍ ടീം അംഗവുമാണ് അപ്പുണ്ണി. മറ്റൊരു കേസിന്റെ ഭാഗമായി മാവേലിക്കര കോടതിയില്‍ ഹാജരാക്കാനാണ് അപ്പുണ്ണിയെ കൊണ്ടു പോയത്. ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയ ശേഷം പൊലീസ് പണം കൊടുക്കുന്ന സമയത്താണ് അപ്പുണ്ണി രക്ഷപ്പെട്ടത്. പൂജപ്പുര ജയിലിലെ അന്തേവാസിയായ അപ്പുണ്ണി, താന്‍ ജയില്‍ ചാടുമെന്ന് ജയിലില്‍ ഒപ്പമുളളവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാളെ ലാഘവത്തോടെയാണ് പൊലീസ് കോടതിയില്‍ കൊണ്ടുപോയത്.
2018 മാര്‍ച്ച് 27നു പുലര്‍ച്ചെ 1.30നു മടവൂരിലെ സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. ഖത്തറിലുള്ള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുല്‍ സത്താറിന്റെ ക്വട്ടേഷന്‍ പ്രകാരം അപ്പുണ്ണിയും സംഘവുമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.