ന്യുയോര്‍ക്ക്: ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് സംവിധാനം ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തി വാട്സ്ആപ്പ്. ഇതോടെ, സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഉപയോഗിച്ച് അവരുടെ വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ തുറക്കാന്‍ കഴിയും.
വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്ത് പുതിയ സംവിധാനം ഉപയോഗിക്കാം. ഇതിനായി പ്ലേസ്റ്റോറില്‍നിന്നു പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്ലിക്കേഷനിലെ സെറ്റിംഗ്സ് ഓപ്ഷന് വഴിയാണ് ഇതു പ്രവര്‍ത്തന സജ്ജമാക്കുക. ഇതിനായി ആദ്യം ഫോണില്‍ ഫിംഗര്‍പ്രിന്റ് ലോക്ക് ആക്ടിവേറ്റ് ചെയ്തിരിക്കണം. പിന്നീട് വാട്സ്ആപ്പിലെ വലതുഭാഗത്തു മുകളിലായുള്ള മെനുവിലെ സെറ്റിംഗ്സില് പോയി അക്കൗണ്ട് സെറ്റിംഗ്സ് തുറക്കുക. അതില്‍ പ്രൈവസി സെറ്റിംഗ്സ് കാണാം. അതു തെരഞ്ഞെടുക്കുക.
തുറന്നുവരുന്ന ഓപ്ഷനുകളില്‍ ഏറ്റവും താഴെയായി ഫിംഗര്‍പ്രിന്റ് ലോക്ക് എന്നുകാണാം. അതില്‍ അണ്‍ലോക്ക് വിത്ത് ഫിംഗര്‍പ്രിന്റ് എന്ന ഓപ്ഷന് ഓണ്‍ ചെയ്യുക. അപ്പോള്‍ ഫിംഗര്‍പ്രിന്റ് ഒന്നുകൂടി സ്ഥിരീകരിക്കേണ്ടിവരും. ഇതിനായി ഫോണിലെ ഫിംഗര്‍പ്രിന്റ് സ്കാനറില്‍ വിരല്‍വച്ച് സ്ഥിരീകരിക്കുക. ഇതോടെ വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫിംഗര്‍പ്രിന്റ് ലോക്ക് ആക്ടിവേറ്റ് ചെയ്യപ്പെടും.
വാട്സ്ആപ്പ് എത്ര സമയത്തിനുള്ളില്‍ ലോക്ക് ചെയ്യണം എന്നു നിശ്ചയിക്കാന്‍ ഇവിടെ ഓപ്ഷനുകള്‍ (ഒരു മിനിറ്റ്, 30 മിനിറ്റ് എന്നിങ്ങനെ) കാണാം. ഇവ തെരഞ്ഞെടുത്ത് പുതിയ സംവിധാനം ഉപയോഗിച്ചു തുടങ്ങാം. നിങ്ങള്‍ നിശ്ചയിക്കുന്ന സമയപരിധി കഴിഞ്ഞാല്‍ വാട്സ്ആപ്പ് തുറക്കുന്പോഴെല്ലാം ഫിംഗര്‍പ്രിന്റ് വെരിഫിക്കേഷന് നല്‍കേണ്ടിവരും.
മുന്‍പു തേഡ് പാര്‍ട്ടി ലോക്കുകളാണ് വാട്സ്ആപ്പ് പൂട്ടാന്‍ ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തിയിരുന്നത്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കായി വാട്സ്ആപ്പ് ഈ സംവിധാനം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ വിപുലീകരിച്ചിരിക്കുന്നത്. കൂടുതല്‍ സുരക്ഷയും, വേഗതയും പുതിയ ഫീച്ചറിലൂടെ ലഭിക്കും എന്നാണ് വാട്സ്ആപ്പ് അവകാശപ്പെടുന്നത്.