തിരുവനന്തപുരം: നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും. വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി വിജയിച്ചതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം മേയര്‍ സ്ഥാനം രാജിവച്ചത്. ഇതോടെ കോര്‍പ്പറേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് മേയര്‍ സ്ഥാനത്തേക്കുള്ള ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഈമാസം 12ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടറാണ് വരണാധികാരി. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതോടെ മേയര്‍ സ്ഥാനത്തേക്ക് ആരെ നിര്‍ത്തണമെന്ന ചര്‍ച്ചകള്‍ മുന്നണികള്‍ക്കുള്ളില്‍ ആരംഭിച്ചു. എല്‍ഡിഎഫും ബിജെപിയും ഇതിനോടകം പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ യുഡിഎഫാകട്ടെ ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍, പുന്നയ്ക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ശിവജി, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനു, നെടുംകാട് വാര്‍ഡ് കൗണ്‍സിലര്‍ എസ്. പുഷ്പലത എന്നിവരുടെ പേരുകളാണ് സിപിഎം പട്ടികയിലുള്ളത്.
ഫോര്‍ട്ട് വാര്‍ഡില്‍ നിന്നും വിജയിച്ച എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുരേഷിനെയാണ് ബിജെപി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോണ്‍ഗ്രസിലെ ചില കൗണ്‍സിലര്‍മാരെ കൂടെനിര്‍ത്തി മേയര്‍ സ്ഥാനം നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസാകട്ടെ മേയര്‍ സ്ഥാനത്തേക്ക് ഇതുവരെ ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല. ഇടതു മുന്നണിയുമായി സഹകരിച്ചാണ് തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫ് മുന്നോട്ടു പോകുന്നത്. എന്നാല്‍ മേയര്‍ സ്ഥാനത്തേക്ക് ഒരാളെ നിര്‍ത്തുമെന്ന് നഗരസഭാ പ്രതിപക്ഷകക്ഷി നേതാവ് അനില്‍കുമാര്‍ പറഞ്ഞു.