തിരുവനന്തപുരം: ‘വീട്ടമ്മ, തെങ്ങുകയറ്റക്കാരി, പെട്ടി ഓട്ടോറിക്ഷ ഡ്രൈവര്‍, കരിക്കു കച്ചവടക്കാരി’ ഇത് നാല് വ്യക്തികളല്ല. മറിച്ച് ജീവിതം കരയ്ക്ക് അടുപ്പിക്കാന്‍ കഠിനധ്വാനം ചെയ്യുന്ന അനിതയുടെ ജീവിതത്തിലെ റോളുകളാണ്. എപ്പോഴൊക്കയോ തെറ്റിപോയ ജീവിതം എത്തിപ്പിടിക്കാന്‍ വേണ്ടി തിരുവനന്തപുരം സ്വദേശിനിയായ അനിത ജീവിതത്തില്‍ കെട്ടിയ വേഷങ്ങള്‍ ചെറുതല്ല. മഴക്കാലത്തെ ഭയമാണ് അനിതയ്ക്ക് കാരണം മറ്റൊന്നുമല്ല, അന്നം മുടങ്ങും. അതുകൊണ്ട് തന്നെ വെയിലിനെ ഇഷ്ടപ്പെടുന്നവളാണ് അനിത.
എങ്കില്‍ പോലും മഴക്കാലത്തും വെറുതെ ഇരിക്കുകയൊന്നുമില്ല. കോരിചൊരിയുന്ന മഴയിലും കരിക്ക് കച്ചവടം തകൃതിയായി തന്നെ നടത്തും. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തളര്‍ന്നു പോവുന്നവര്‍ക്ക് ധൈര്യം കൂടിയാണ് 44കാരിയായ ഈ അനിത. 19-ം വയസ്സില്‍ കോട്ടയംകാരനുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് അനിത കോട്ടയം നഗരത്തിലെത്തുന്നത്. അതില്‍ ഒരു മകനും മകളുമാണ് ഉള്ളത്. പക്ഷേ 33-ാം വയസില്‍ ആ ബന്ധം തകര്‍ന്നു. അപ്പോഴും മക്കളെ ചേര്‍ത്ത് പിടിച്ച് ജീവിക്കാന്‍ തന്നെ തീരുമാനിച്ചു. ആദ്യം തയ്യല്‍ അഭ്യസിച്ചു. കുറെ നാളുകള്‍ തയ്യല്‍ക്കാരിയായി ജോലി ചെയ്തു.
അതില്‍ നിന്നും വലിയ മെച്ചം ഉണ്ടായിരുന്നില്ല. പിന്നെ അത് വിട്ട് ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചു, പിന്നാലെ ഓട്ടോയും കാറും ഗ്രഹസ്ഥമാക്കി. പിന്നീട് ഹെവി ലൈസന്‍സും എടുത്തു. ശേഷം ഡ്രൈവിംഗ് സ്‌കൂളില്‍ തന്നെ പരിശീലകയായി നിന്നു. ഇതിനിടയില്‍ കോട്ടയം നഗരത്തില്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തു വന്നു. ഒരുപാട് ഓട്ടങ്ങളും കിട്ടിയിരുന്നു. പെണ്‍ഡ്രൈവര്‍ ആയതുകൊണ്ട് തന്നെ അമ്മമാരുടെയും സ്ത്രീകളുടെയും ഓട്ടങ്ങള്‍ അധികം ലഭിച്ചത് വിനയായി. മറ്റുള്ളവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. എന്നാല്‍ കുടുംബം പോറ്റാനുള്ള പോരാട്ടം അറിഞ്ഞതോടെ അവരും പിന്തുണ നല്‍കി.
അവിടെയും ലാഭം കാണാതായതോടെ പതിയെ അത് നിര്‍ത്തി. ആരോടും പരിഭവമില്ലെന്ന് അനിത എടുത്ത് പറയുന്നുണ്ട്. അതിനിടയിലാണ് ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന ചിന്ത ഉടലെടുത്തത്. ശേഷം അനിതയുടെ ജീവിതത്തിലേയ്ക്ക് പ്രസാദ് എന്നൊരാള്‍ എത്തി. അയാളും വിവാഹിതനായിരുന്നു. മുന്‍ വിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്. അതൊന്നും അനിതയ്ക്ക് വിഷയമല്ലായിരുന്നു. ഇതിനിടയില്‍ അനിത തന്റെ മകള്‍ അഞ്ജുവിന്റെ കല്യാണവും നടത്തി. അതും സ്വന്തം അധ്വാനം കൊണ്ട് തന്നെ. അഞ്ജുവിന് രണ്ട് മക്കളുണ്ട്. എന്നാല്‍ ആ ജീവിത്തലുമുണ്ട് ചില പൊട്ടിതെറികള്‍. ഇതോടെ അഞ്ജുവിനെ അനിത വിളിച്ചു കൊണ്ട്
വരികയും ചെയ്തു.
”മകള്‍ക്കിപ്പം 24 വയസ്സേ ഉള്ളൂ, മക്കളെ ഞാന്‍ നോക്കിക്കോളാം, നീ രക്ഷപ്പെട് എന്നു ഞാന്‍ പറഞ്ഞു. അവളിപ്പോ നേപ്പാളിലെ ഒരു സ്‌കൂളിള്‍ പഠിപ്പിക്കുകയാ. കുട്ടികളെ ഞാനും പ്രസാദും കൂടിയാ നോക്കുന്നത്. സ്‌കൂളില്‍ കൊണ്ടാക്കുന്നതും കൊണ്ടു വരുന്നതും മാറി മാറിയാണ്. പ്രസാദിന്റെ ആദ്യവിവാഹത്തിലെ മകള്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് ” അനിത പറയുന്നു. മകന്‍ അഖിലിന് ഇപ്പോള്‍ 20 വയസുണ്ട്. ഓട്ടോറിക്ഷ ഓടിക്കുകയാണ്. വീട്ടുകാര്യങ്ങള്‍ അത്യാവശ്യം മകനും നോക്കും. തുല്യമായി തന്നെയാണ് കുടുംബത്തിലെ ഓരോ കാര്യങ്ങളും അമ്മയും മകനും ചേര്‍ന്ന് ചെയ്യുന്നത്.
അനിതയ്ക്ക് കൂട്ടായി ഒരു വശത്ത് പ്രസാദും കരിക്ക് കച്ചവടം ചെയ്യുന്നുണ്ട്. വീട്ടിലേയ്ക്ക് വേണ്ടത് പ്രസാദും അത്യാവശ്യം ചെയ്യും. രാവിലെ കുട്ടികളെ സ്‌കൂളിലേയ്ക്ക് അയച്ച ശേഷമാണ് അനിത പെട്ടി ഓട്ടോയുമായി നഗരത്തിലേയ്ക്ക് ഇറങ്ങുക. കരിക്കു സ്ഥിരമായി നല്‍കുന്ന വീടുകളുണ്ട്. അവിടെ നിന്ന് അനിത തന്നെയാണ് കരിക്ക് വെട്ടി എടുക്കുന്നുത്. എത്ര വലിയ തെങ്ങായാലും അനിത കയറും. തെങ്ങു കയറുന്നതിന് അമ്പതു രൂപയോളം കൂലി ചോദിച്ചപ്പോഴാണ് തെങ്ങുകയറ്റവും അനിത അഭ്യസിച്ചത്. തെങ്ങു കയറാന്‍ തുടങ്ങിയതോടെ അനിതയെ തേങ്ങയിടാനും ആളുകള്‍ വിളിച്ചു തുടങ്ങി.
ഇതും ഒരു വരുമാനമായി മാറി. ‘നാടന്‍ കരിക്കിനു വലിയ ഡിമാന്‍ഡാണ്. വിഷം കയറ്റിയ തമിഴ്‌നാടന്‍ കരിക്ക് വരുത്തുന്നത് ഒഴിവാക്കാനാണ് ഞാന്‍ തന്നെ വീടുതോറും നടന്ന കരിക്കെടുക്കുന്നത്. 2500 രൂപയ്ക്ക് ഒരാളിന്റെ കൈയ്യില്‍നിന്ന് തെങ്ങുകയറ്റ യന്ത്രം വാങ്ങി. കയറുന്ന വിധം തനിയെ പഠിച്ചു. ഇപ്പോ ആരെയും ആശ്രയിക്കാതെ തൊഴിലെടുക്കാം.” അനിത പറയുന്നു. ഏഴുമണിവരെയൊക്കെ കച്ചവടം നടക്കാറുണ്ടെന്ന് അനിത പറയുന്നു. ഇപ്പോള്‍ നല്ലൊരു വീട് വെയ്ക്കണമെന്ന ആഗ്രഹമാണുള്ളതെന്ന് അനിത കൂട്ടിച്ചേര്‍ത്തു.