നേമം: നാലുവര്‍ഷം മുന്‍പു നടന്ന അപകടത്തില്‍ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട ദീപുവിന് പ്രണയിച്ച പെണ്‍കുട്ടി തന്നെ ജീവിതസഖിയായി. നേമം ഇടയ്ക്കോട് താന്നിക്കവിള ദിവ്യഭവനത്തില്‍ ജയചന്ദ്രകുമാറിന്റെയും ജയകുമാരിയുടെയും മകനായ ദീപുവും മാരായമുട്ടം സ്വദേശിനി അര്‍ച്ചനയും തമ്മില്‍ കാഞ്ഞിരംകുളം കെ.എന്‍.എം. കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്പോഴാണ് പ്രണയം തുടങ്ങിയത്.
കോളജ് ജീവിതം കഴിഞ്ഞ് ദീപു കണ്‍സ്യൂമര്‍ഫെഡില്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയില്‍ വെള്ളായണി കായലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് നട്ടെല്ലിനു ക്ഷതമേറ്റ് ദീപുവിന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. പിന്നീട് ദീപുവിന്റെ ജീവിതം വീല്‍ചെയറിലായി.
അപകടത്തിനുശേഷം ദീപു പലവട്ടം അര്‍ച്ചനയോട് ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അര്‍ച്ചന അത് നിരസിക്കുകയായിരുന്നു. അര്‍ച്ചനയുടെ ഇഷ്ടത്തിന് മുന്നില്‍ ബന്ധുക്കളും വഴങ്ങിയതോടെ വിവാഹം നടക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ജോലി ലഭിച്ച അര്‍ച്ചന മേനംകുളം വനിതാ പോലീസ് ക്യാന്പിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ ശംഖുംമുഖം ദേവീക്ഷേത്രത്തില്‍ വീല്‍ചെയറിലിരുന്ന് ദീപു അര്‍ച്ചനയുടെ കഴുത്തില്‍ താലി കെട്ടി .