കിളിമാനൂർ: നഗരൂർ വെള്ളല്ലൂർ പോരിയോട്ട് മലയിൽ പാറപൊട്ടിക്കാൻ അനുമതി നൽകിയത് വ്യാജ മിനിറ്റ്സ് ഉണ്ടാക്കിയാണെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു. പോരിയോട് മലയിൽ പാറ ഖനനത്തിന് അനുമതി നൽകാൻ ആഗസ്റ്റ് 19 ന് കൂടിയ അടിയന്തര യോഗത്തിൽ എടുത്തെന്നുപറയുന്ന തീരുമാനങ്ങൾ വ്യാജമാണെന്നും യോഗം എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂടാരം സുരേഷ് പറഞ്ഞു. പാറ ഖനനത്തിനായി നൽകിയ അപേക്ഷ പോലും അടിയന്തര കമ്മിറ്റി ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കിയിട്ടില്ല. എന്നാൽ ആഗസ്റ്റ് 14 ന് പഞ്ചായത്ത് യോഗ തീരുമാനത്തിൽ അപേക്ഷ ഹാജരാക്കി ചർച്ച ചെയ്തെന്നും തുടർന്ന് തീരുമാനങ്ങൾക്ക് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും വ്യാജ മിനിറ്റ്സ് ഉണ്ടാക്കി പാറ ലോബിയെ സഹായിക്കുന്ന സമീപനമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. രേഖകൾ റദ്ദു ചെയ്യാൻ കഴിയില്ലെന്നുള്ള പ്രസിഡന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു. ഡി.ഡി.പി ക്കു പരാതി നൽകിയതായും കൂടാരം സുരേഷ് പറഞ്ഞു.