പോത്തൻകോട് : കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്ന നാടകത്തിൽ കാഴ്ചക്കാരെ ഈറനണിയിച്ച് അർജുൻ മുരളിയുടെ ഏകാംഗ അഭിനയം.ശാന്തിഗിരി വിദ്യാഭവൻ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് ‘പിഞ്ചുകുഞ്ഞുങ്ങളുടെ പുഞ്ചിരി മായാതിരിക്കാൻ ‘ എന്ന ആശയത്തോടെ പോത്തൻകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയത്. ശാന്തിഗിരി വിദ്യാഭവനിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയായ അർജുൻ മുരളിയാണ് ഹൂദയസ്പർശിയായ തെരുവ് നാടകം അവതരിപ്പിച്ചത്.
മകൾ നഷ്ടപ്പെട്ട അച്ഛന്റെ വേദന അർജുൻ അവതരിപ്പിച്ചപ്പോൾ വിദ്യാർത്ഥികളോടൊപ്പം കാഴ്ചക്കാരുടെ കണ്ണുകളും ഈറനണിഞ്ഞു. വിഷയത്തെ അധികരിച്ചുള്ള പ്ലക്കാർഡുകളുമായി മറ്റു വിദ്യാർത്ഥികളും പരിപാടിയിൽ അണിചേർന്നു. ശാന്തിഗിരി വിദ്യാഭവന്റെ ആശയത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട്, നോബി, സന്തോഷ് ബാബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു . സർക്കിൾ ഇൻസ്പെക്ടർ സുജിത്. പി. എസ്, പോത്തൻകോട് എസ്.ഐ അജീഷ്. വി. എസ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീജിത്ത്. വി, എന്നിവർ സംസാരിച്ചു. എക്സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഈ തെരുവ് നാടകം വരും ദിവസങ്ങളിൽ നടത്താനുള്ള അമുനതി ലഭിച്ചെന്ന് അധികൃതർ അറിയിച്ചു
.