പോത്തൻകോട് : നബിദിനത്തിൽ ആർഭാടകരമായ ആഘോഷങ്ങൾ ഒഴിവാക്കി പള്ളിമുറ്റത്ത് ഹൈന്ദവ യുവതിക്ക് കതിർ മണ്ഡപം ഒരുക്കി കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് പള്ളി സമൂഹത്തിന് മാതൃകയായി. നാടെങ്ങും നബിദിനാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ തെക്കത് പള്ളി ഭാരവാഹികൾ ഇത്തരം ഒരു നന്മയ്ക്ക് നേതൃത്വം നൽകിയത്. മതസൗഹാർദ്ദത്തിന് പേരുകേട്ട കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച എന്ന സൂഫിവര്യന്റെ പേരിലാണ് തെക്കതും പള്ളിയും അറിയപ്പെടുന്നത്.കഠിനംകുളം ചിറയ്ക്കൽ ലക്ഷം വീട്ടിൽ ശശിയുടെ മകൾ ഷൈലയുടെ കഴുത്തിൽ കഠിനംകുളം പുതുവൽ പുരയിടത്തിൽ ഷിനുവും, പായ്ച്ചിറ ബിസ്മിത മൻസിലിൽ റംലയുടെ മകൾ ബിസ്മിതയുടെ കഴുത്തിൽ നെടുമങ്ങാട് ഷെമീർ മൻസിലിൽ ഷെമീർ താലി ചാർത്തുമ്പോൾ തെക്കത് പള്ളിയിൽ നടന്ന നബിദിനാഘോഷത്തിന് മാറ്റുകൂടി. 5 പവൻ വീതം സ്വർണ്ണാഭരണവും ഓരോ ലക്ഷം രൂപ വീതം ധനസഹായവും വിവാഹ വസ്ത്രവും ഭക്ഷണവും തെക്കത് ട്രസ്റ്റ് വധൂവരൻമാർക്ക് നൽകി. വിവാഹത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എം.നസീർ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, ട്രസ്റ്റ് പ്രസിഡന്റ് എം.ഷാജി, തച്ചോണം നാസറുദ്ദീൻ മന്നാനി, അഡ്വ. കണിയാപുരം ഹലീം, എം.മുനീർ, പനവൂർ ഷാജഹാൻ ദാരിമി, വെട്ടു റോഡ് പ്രശാന്ത്, ഫെബിൻ, എം.നിസാർ, അബൂബക്കർ ബാലരാമപുരം, അഡ്വ. ചാന്നാങ്കര നിസാം, പൊടിമോൻ അഷ്റഫ്, ബി.ശിവപ്രസാദ്, സക്കീർ എന്നിവർ പ്രസംഗിച്ചു.