തിരുവനന്തപുരം : വാമനപുരം നദിയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ജില്ലയില്‍ ഏറ്റവും വലിയ കുടിവെള്ള സ്രോതസുകളില്‍ ഒന്നായ വാമനപുരം നദിയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതി മുഖേന നടപ്പാക്കുക. നദിയേയും അതിന്റെ കൈവഴികളെയും ശുചീകരിച്ച് നീരൊഴുക്ക് വീണ്ടെടുക്കുന്ന പ്രവര്‍ത്തനം പൊതുജന പങ്കാളിത്തത്തോടുകൂടി നടപ്പാക്കും. പെരിങ്ങമല, നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന നദിയുടെ ശുചീകരണത്തിനാണ് പ്രഥമ പരിഗണന. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഏഴ് കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മലിനീകരണം ശക്തമായി തടയാന്‍ പ്രദേശവാസികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വിവിധ തലങ്ങളിലുള്ള ജനജാഗ്രതാ സമിതി രൂപീകരിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണവും ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഉറപ്പാക്കി കഴിഞ്ഞു.പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍ പറഞ്ഞു. നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ അഞ്ച് കിലോമീറ്റര്‍ വരുന്ന തോട്ടപ്പുറം- പൗവ്വത്തൂര്‍ -പച്ച -തൊട് ഇതിനകം ശുചീകരിച്ച് ജൈവ വേലികള്‍ വച്ചുപിടിപ്പിച്ച് കഴിഞ്ഞതായും പ്രസിഡന്റ് പറഞ്ഞു. പൊന്മുടിയിലെ ചെമ്ബുഞ്ചി നിന്ന് ഉത്ഭവിക്കുന്ന വാമനപുരം നദി 88 കിലോമീറ്റര്‍ ഒഴുകിയാണ് അഞ്ചുതെങ്ങ് കായലില്‍ പതിക്കുന്നത്. ഇതില്‍ നല്ലൊരു പങ്ക് വാമനപുരം ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്.