തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും നിയമസഭ ജീവനക്കാർക്ക് സർക്കാർ വക 65 ലക്ഷം രൂപയുടെ ഓവർടൈം അലവൻസ്. കോടികളുടെ ബില്ലുകൾ മാറാതെ ട്രഷറിയിൽ കെട്ടിക്കിടക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടി. ബഡ്ജറ്റിൽ മാറ്റിവച്ച രണ്ടരക്കോടി രൂപ മുൻപു തന്നെ ചെലവായതിനാൽ അധിക ധനമായാണ് കഴിഞ്ഞ മാസം ചേർന്ന സമ്മേളനത്തിൽ അധിക ജോലി ചെയ്തെന്ന പേരിൽ 65 ലക്ഷം രൂപ അനുവദിച്ചത്.സർക്കാർ പ്രസുകളിൽ ഒഴികെ മറ്ര് വകുപ്പിലെ ജീവനക്കാർക്ക് എത്ര സമയം അധികം ജോലി ചെയ്താലും ഓവർടൈം അലവൻസ് നൽകാൻ വ്യവസ്ഥ ഇല്ലാത്തപ്പോഴാണ് നിയമസഭ ജീവനക്കാർക്ക് ഈ അലവൻസ്. മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളവും പെൻഷനും വരെ കൊടുക്കാൻ പാടുപെടുമ്പോഴാണ് സർക്കാരിന്റെ നടപടി. നിലവിൽ പണില്ലാത്തത് കാരണം കരാറുകാർക്കും തദ്ദേശസ്ഥാപനങ്ങൾക്കും കോടിക്കണക്കിന് രൂപയാണ് നൽകാനുള്ളത്.വകുപ്പുകളിൽ നിന്നെത്തുന്ന ബില്ലുകൾ മടക്കി അയക്കുന്ന ധനവകുപ്പ് പക്ഷേ, ഓവർ ടൈം അലവൻസിന് എങ്ങനെ സമ്മതം നൽകിയെന്ന് അമ്പരക്കുകയാണ് മറ്റു വകുപ്പുകളിലെ ജീവനക്കാർ. ജൂലായിൽ 104 ഓവർ ടൈം ഡ്യൂട്ടി ചെയ്തതിന് ഒരു ഡപ്യൂട്ടി സെക്രട്ടറിക്ക് മാത്രം അനുവദിച്ചത് 36,400 രൂപ. ഒരു അണ്ടർ സെക്രട്ടറി 31,850 രൂപയ്ക്കും മറ്റൊരാൾ 35700 രൂപയ്ക്കുമുള്ള ബിൽ നൽകി. 33,250 രൂപ ഒരു സെക്‌ഷൻ ഓഫിസർക്കു നൽകാനും ഉത്തരവിട്ടിരുന്നു.