പോത്തൻകോട് : കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിലെ ബസുകളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ജീവനക്കാർ. സർവ്വീസ് കഴിഞ്ഞെത്തിയ മുപ്പതോളം ബസുകളാണ് കണിയാപുരം എ.ടി.ഒ. സുധിൽ പ്രഭാ നന്ദലാലിന്റെ നേതൃത്വത്തിൽ സ്റ്റേഷൻമാസ്റ്റർ ഉഷാരാജേഷ് ഉൾപ്പടെയുള്ള ജീവനക്കാർ ശുചീകരിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണി മുതൽ രാത്രി പത്തര മണിവരെ ശുചീകരണ പ്രവർത്തനം നീണ്ടു നിന്നു. അണുനാശിനി ഉപയോഗിച്ച് സീറ്റുകൾ ഉൾപ്പെടെ ബസിനകം പൂർണ്ണമായും വൃത്തിയാക്കി. യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനാണ് നടപടി. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ ബസിലും യാത്ര ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ ആശങ്കയകറ്റുന്നതിനാണ് ജീവനക്കാരുടെ നേതൃത്വത്തിൽ ബസുകൾ വൃത്തിയാക്കിയതെന്ന് എ.ടി.ഒ. പറഞ്ഞു.