കാര്യവട്ടം സർക്കാർ കോളേജിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു
ശ്രീകാര്യം : കാര്യവട്ടം സർക്കാർ കോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.അടുത്ത മാസം 13 -ന് യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് മുൻപേ വിഷയങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കാതെ മോഡൽ പരീക്ഷ നടത്താനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ബി. എസ്. സി ഒന്നാം വർഷ സെമസ്റ്റർ പരീക്ഷയാണ് 13 ന് നടക്കുന്നത്.
സമരം തുടങ്ങിയപ്പോൾ തന്നെ പ്രിൻസിപ്പൽ അടിയന്തര പി. ടി .എ വിളിച്ച്കൂട്ടി കോളേജിന് അവധി പ്രഖ്യാപിച്ചു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഏഴ് വിദ്യാർത്ഥികളെ താത്കാലികമായി സസ്പെന്റ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.