ചിറയിൻകീഴ്: അമിതവേഗതയിലെത്തിയ ബുള്ളറ്റ് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച കൊല്ലം സ്വദേശികളായ അജ്മലിനും ഭാര്യയ്ക്കും ഒന്നര വയസുളള കുട്ടിക്കുമാണ് പരിക്കേറ്റത്. ചിറയിൻകീഴിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബുളളറ്റാണ് അപകടമുണ്ടാക്കിയത്. ടു വീലർ റേസിംഗ് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. അപകടത്തിൽ വിദ്യാർത്ഥികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് ചിറയിൻകീഴ് ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ ചിറയിൻകീഴിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ആട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിൽ ഇടിച്ച് നിന്നു. ഇടിയിൽ ബുള്ളറ്റ് രണ്ടായി പിളർന്നു. ചിറയിൻകീഴിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു അജ്മലും കുടുംബവും. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ അജ്മലിന്റെ ഭാര്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.